Kerala

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.തീർത്ഥാടകർക്ക് പ്രവേശനം നാളെ മുതൽ. 15,000 തീർത്ഥാടകർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു.

കന്നിമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. നാളെ പുലര്‍ച്ചെ 5 മുതല്‍ തീർത്ഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതല്‍ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടാവും. ദര്‍ശനത്തിനെത്തുന്നവര്‍ 2 ഡോസ് കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് നട അടയ്‌ക്കും.

അതേസമയം മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താനായി പമ്പയിൽ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റി വച്ചു.