മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതൽ പോലീസിനെ വിന്യസിക്കും. സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
മണ്ഡലപൂജയ്ക്ക് ആറ് ദിവസം ബാക്കി നിൽക്കക്കെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്നലെ മരക്കൂട്ടം വരെ ക്യൂ നീണ്ടു. പരമ്പരാഗത കാനനപാതയിലൂടെയും കൂടുതൽ തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ മരക്കൂട്ടം മുതൽ രണ്ട് കമ്പനി പോലീസുകാരെ അധികമായി നിയോഗിക്കും.
സൂര്യഗ്രഹണ ദിവസമായ ഡിസംബർ 26 ന് രാവിലെ 7 30 മുതൽ 11 30 വരെ നട അടച്ചിടും. സുരക്ഷയുടെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കിയിട്ടുണ്ട് കൂടുതൽ സി.സി.ടി.വി ക്യാമറകളും ശരണ പാതയിൽ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് അപ്പം അരവണ നിർമ്മാണവും വർദ്ധിപ്പിച്ചിട്ടുണ്ട്.