മണ്ഡല കാലം ആരംഭിച്ചതിന് ശേഷം ശബരിമലയിൽ ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി. തീർത്ഥാടനം ആരംഭിച്ച് 18 ദിവസത്തെ പൊലീസിന്റെ ഔദ്യാഗിക കണക്കാണിത്. തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ശബരിമലയിൽ പൊലീസ് ഒരുക്കി.
നട തുറന്ന നവംബർ 16 മുതൽ ഡിസംബർ രണ്ടാം തീയതി വരെ ഏഴ് ലക്ഷത്തി എഴുപതിനായിരം തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് ദർശനം നടത്തിയത് 3,823 പേര്‍ പുല്‍മേട് വഴി സന്നിധാനത്തെത്തി. ഡിസംബര്‍ രണ്ടിന് മാത്രം 65000 പേരാണ് ദർശനത്തിനായി എത്തിയത്.
വെര്‍ച്വല്‍ക്യൂവില്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തുന്ന കാര്യം പൊലീസിന്റെ പരിഗണനയിലുണ്ട്. തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതിനാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി പൂർണ്ണമായും മറികടക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.