India Kerala

മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും; കനത്ത സുരക്ഷയില്‍ സന്നിധാനം

മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും.ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്

ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് ശബരിമല ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തിയായി എ.കെ സുധീർ നമ്പൂതിരിയും ,മാളികപ്പുറം മേൽശാന്തിയായി എം.എസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും

പതിനെട്ടാം പടിക്കു മുന്നിലെ ആഴിയിൽ അഗ്നി പകർന്ന ശേഷമാണ് ഭക്തരെ സന്നിധാനത്തേക്കു ദർശനത്തിനായി പ്രവേശിപ്പിക്കുക. വൃശ്ചികം ഒന്നായ നാളെ നിയുക്ത മേൽശാന്തിമാരാകും നട തുറക്കുക. 2800 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി ശബരിമലയിൽ ആദ്യ ഘട്ടത്തിൽ വിന്യസിച്ചിട്ടുളളത്. മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് നാളെ അവലോകന യോഗവും ചേരും.