Kerala

നാളെ മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങൾ സജ്ജം

നാളെ മകരവിളക്ക്. മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മകര ജ്യോതി ദർശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ അയ്യപ്പ സന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും.

തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വേർച്വൽ ബുക്കിങ് ഉണ്ടായിരിക്കില്ല. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.

പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകുന്നേരം 5.30 ന് ശരംകുത്തിയിലെത്തും. പുലർച്ചെ രണ്ട് മണിക്ക് അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്.

ഇന്നലെ വിവിധ ഇടങ്ങളിൽ ആയിരക്കണക്കിനാളുകളാണ് തിരുവാഭരണം ദർശിക്കാനും സ്വീകരണം നൽകാനും ഉണ്ടായിരുന്നത്. ളാഹ സത്രത്തിലാണ് ഇന്ന് രാത്രിയിൽ വിശ്രമം. നാളെ കാനന പാത വഴി സഞ്ചരിച്ച് ഘോഷയാത്ര സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാഗം മരിച്ചതിനാൽ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര.