ഇന്ത്യയുടെ ഭരണഘടന തിരുത്തണമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ന്യൂനപക്ഷത്തിനുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം. ഇതോടെ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ന്യൂനപക്ഷ ജനസംഖ്യ ഒമ്പത് ശതമാനത്തില്‍ നിന്നും 21 ശതമാനമായി കുറഞ്ഞെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല എന്നാല്‍ ക്ഷേത്രത്തില്‍ ആ വ്യത്യാസമുണ്ടെന്നും അമൃതാനന്ദമയി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിലായിരുന്നു അമൃതാനന്ദമയി സംസാരിച്ചത്.
‘ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറിക്കൊടുക്കണം, ഓക്‌സിജന്‍ കൊടുക്കണം. ക്ഷേത്രം മൈനറാണ്. കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് വിശ്വാസിയുടെ സംരക്ഷണം വേണം. വിശ്വാസമില്ലാത്തവര്‍ അവിടെ പോയാല്‍ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും’; അമൃതാനന്ദമയി പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയിലായിരുന്നു ശബരിമല കർമ്മസമിതിയുടെ അയ്യപ്പഭക്ത സംഗമ പരിപാടി. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് അമൃതാനന്ദമയി പറഞ്ഞു. പരിപാടിയുടെ ഭാഗമായി നാമജപയാത്രയും നടന്നു.