Kerala

ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന് ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ ഹലാൽ ശർക്കര ( sabarimala halal jaggery ) ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ( highcourt ) ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്‌ജെആർ കുമാർ നൽകിയ ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്.

എന്നാൽ അപ്പം, അരവണ പ്രസാദത്തിന് ഉപയോഗിച്ച ചില പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്രയുള്ളതെന്നും മികച്ച ഗുണനിലവാരമുള്ള ശർക്കരയാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്ന് ലബോറട്ടറിയിലടക്കം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിനു കീഴിൽ കൃത്യമായി പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ ദേവസ്വം വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമല ദർശനത്തിനായി മലബാർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്കായി സ്‌പോർട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നതു സംബന്ധിച്ചുള്ള നിലപാട് മലബാർ ദേവസ്വം ബോർഡ് ഇന്ന് കോടതിയെ അറിയിക്കും. .കേരളത്തിന് പുറത്ത് സ്‌പോർട് ബുക്കിങ് സൗകര്യം ഒരുക്കാൻ കഴിയുമോ എന്ന കാര്യത്തിലും ദേവസ്വം മറുപടി നൽകും. വെർച്ച്വൽ ക്യൂവുമായി ബന്ധപ്പെട്ട ഹർജികളും കോടതി ഇതോടൊപ്പം പരിഗണിക്കും.