ശബരിമല യുവതീ പ്രവേശനത്തിലെ വിധി സര്‍ക്കാരിനും ഇടത് മുന്നണിയ്ക്കും ഏറെ നിര്‍ണ്ണായകമാണ്.പുനപരിശോധന ഹരജികള്‍ തള്ളിയാല്‍ സര്‍ക്കാരിന്റെ വിജയമെന്ന് അവകാശപ്പെടാമെങ്കിലും മണ്ഡലകാലത്ത് സ്ത്രീകള്‍ വന്നാലുണ്ടാകുന്ന പ്രതിസന്ധിയില്‍ ആശങ്കയുമുണ്ട്. പുനഃപരിശോധന ഹരജി അംഗീകരിച്ചാല്‍ തങ്ങളുടെ നിലപാടിന്റെ വിജയമായി പ്രതിപക്ഷവും ബി.ജെ.പി ആഘോഷിക്കുകയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ശ്രമിക്കും.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28 ന് ഭരണഘടനബഞ്ച് വിധി പറഞ്ഞപ്പോള്‍ അതിനെ സ്വാഗതം ചെയ്യാന്‍ യാതൊരു കാലതാമസവും സി.പി.എമ്മിനും സര്‍ക്കാരിനുമുണ്ടായില്ല.എന്നാല്‍ പുനപരിശോധന ഹരജികളിലെ വിധി വരുമ്പോള്‍ അത്രയും ആവേശം ഇരുകൂട്ടരും കാണിക്കാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം തന്നെയാണ് അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. സ്ത്രീകള്‍ പ്രവേശിച്ചത് വിശ്വാസി സമൂഹത്തെ എതിരാക്കി എന്ന വിലയിരുത്തല്‍ സി.പി.എം നടത്തിയിരിന്നു. അതുകൊണ്ട് തന്നെ ഇത്തവണ ആലോചിച്ച ശേഷം മാത്രം നിലപാട് സ്വീകരിക്കാനാണ് സാധ്യത. പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയാല്‍ സര്‍ക്കാര്‍ നിലപാടിന്റെ വിജയമായി വ്യാഖ്യാനിക്കാന്‍ കഴിയും.
എന്നാല്‍ അപ്പോഴും മറ്റൊരു പ്രതിസന്ധി സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നില്‍ കാണുന്നുണ്ട്.സ്ത്രീ പ്രവേശനം ശരിവെച്ചാണ് വിധിയെങ്കില്‍ വരാന്‍ പോകുന്ന മണ്ഡലകാലം സര്‍ക്കാരിന്റെ മുന്നിലെ വെല്ലുവിളിയായി മാറും.കഴിഞ്ഞ തവണത്തേത് പോലെ സ്ത്രീകള്‍ എത്തിയാല്‍ പൊലീസ് സംരക്ഷണം ഒരുക്കുമോ എന്ന വലിയ ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ടാകും.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും സ്ത്രീകള്‍ കയറിയാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും സര്‍ക്കാരിനെതിരെ അത് പ്രധാന ആയുധമാക്കുകയും ചെയ്യും.
ഇനി വിധി പുനപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങളുടെ നിലപാടിന്റെ വിജയമായി കോണ്‍ഗ്രസും ബി.ജെ.പിയും എന്‍.എസ്.എസും അത് ഉപയോഗിക്കുകയും ചെയ്യും. സര്‍ക്കാര്‍ നേരത്തെ പുനഃപരിശോധനഹര്‍ജി നല്‍കിയെങ്കില്‍ മലയില്‍ സ്ത്രീകള്‍ കയരില്ലായിരിന്നു എന്ന വാദം വരെ ഉയര്‍ന്ന് വന്നേക്കും. സുപ്രീം കോടതി എന്ത് വിധി പറഞ്ഞാലും അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് എന്ന മറുപടിയായിരിക്കും സി.പി.എമ്മും സര്‍ക്കാരും അതിന് നല്‍കാന്‍ പോകുന്നത്.എന്തായാലും വരാന്‍ പോകുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള വിധി സര്‍ക്കാരിനും ഇടത് മുന്നണിക്കും വളരെ നിര്‍ണായകം തന്നെയാണ്.