India Kerala

ശബരിമലയിലെ നാണയങ്ങൾ ഇന്ന് മുതല്‍ എണ്ണിത്തുടങ്ങും

ശബരിമലയിലെ ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ ഇന്ന് മുതൽ എണ്ണിത്തുടങ്ങും. മണ്ഡല മകര വിളക്ക് കാലത്ത് ലഭിച്ച നാണയങ്ങളാണ് എണ്ണുന്നത്. നാണയങ്ങൾ എണ്ണിത്തീരുമ്പോൾ വരുമാനം 275 കോടി കടക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിലെ ബാക്കിയുള്ള നാണയത്തുട്ടുകളാണ് ഇന്ന് മുതൽ എണ്ണുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച നാണയങ്ങൾ എണ്ണാൻ കഴിയാതെ ഭണ്ഡാരകത്തിൽ കെട്ടി കിടക്കുകയായിരുന്നു. ഈ നാണയങ്ങളാണ് ഹൈക്കോടതിയുടെ അനുമതിയോടെ ഇന്ന് മുതൽ എണ്ണിത്തുടങ്ങുക. വരാനിരിക്കുന്ന മാസ പൂജയ്ക്ക് മുൻപ് നാണയങ്ങൾ എണ്ണിത്തീർക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. 250 ഓളം ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചരിക്കുന്നത് .

ഇക്കഴിഞ്ഞ ശബരിമല സീസണിൽ 263 കോടിയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ലഭിച്ചത്. ഭണ്ഡാരത്തിലെ നാണയങ്ങൾ കൂടി എണ്ണീത്തീരുമ്പോൾ വരുമാനം 275 കോടി കവിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.