India Kerala

ശബരിമല യുവതി പ്രവേശം; നിയമ പ്രശ്നങ്ങള്‍ ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് ഇന്നു മുതല്‍ കേസ് പരിഗണിക്കുക. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനപരിശോധന ഹരജികളിൽ സുപ്രീം കോടതി തീരുമാനമെടുക്കുക.

ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നം സുപ്രീം കോടതിയിൽ ഉയർന്നപ്പോൾ ഏഴ് ചോദ്യങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും പരസ്പരം എങ്ങനെയാണ് നിലനിൽക്കുക. മത വിശ്വസത്തിലും ആചാരങ്ങളിലും ഇടപെടാന്‍ കോടതികൾക്ക് അധികാരമുണ്ടോ. മതങ്ങളിലെ ആചാരങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം മതമേലധ്യക്ഷന്മാര്‍ക്കുണ്ടോ, തുടങ്ങിയവയാണ് ചോദ്യങ്ങൾ. ഇതോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, മറ്റ് മതത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം തുടങ്ങിയ വിഷയങ്ങളും ശബരിമല അയ്യപ്പ ക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോയെന്ന ചോദ്യവും ഒമ്പതംഗ ബെഞ്ച് പരിഗണിക്കും.

ശബരിമലയില്‍ യുവതികൾക്കും പ്രവേശം ആകാമെന്ന സുപ്രീം കോടതി ഭരണഘടന ബെ‍ഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുമ്പോഴാണ് മറ്റു മതങ്ങളിലെ വിവേചനവും പൊതുവായ നിയമ പ്രശ്നങ്ങളും ഉയർന്ന് വന്നത്. നിയമ പ്രശ്നങ്ങൾ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധി എഴുതി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിൽ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത്.