Kerala

ശബരിമലയിൽ അരവണ നിർമാണത്തിനുപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം; ലാബ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ശബരിമലയിൽ അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്കായുടെ ഗുണനിലവാരം സംബന്ധിച്ച ലാബ് റിപ്പോർട്ട് എഫ്.എസ്.എസ്.എ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും. ഏലയ്ക്കായ്‌ക്ക് ഗുണനിലവാരമില്ലെന്ന് നേരത്തെ തിരുവനന്തപുരത്തെ സർക്കാർ ലാബിൽ കണ്ടെത്തിയിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

ശബരിമല അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലയ്ക്ക ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ലാബിൽ പരിശോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഏലയ്ക്കയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയവയെ സ്വമേധയാ കക്ഷി ചേർത്തുകൊണ്ടായിരുന്നു ഏലയ്ക്ക സാമ്പിൾ വീണ്ടും പരിശോധിക്കാൻ കോടതിയുടെ ഉത്തരവ്.