India Kerala

ശബരിമല വീണ്ടും ആശങ്കയുടെ നാളുകളിലേക്ക്

യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹരജികളില്‍ സുപ്രിം കോടതി വിധി പറയാൻ നീട്ടിയതോടെ ശബരിമല വീണ്ടും ആശങ്കയുടെ നാളുകളിലേക്കാണ് നീങ്ങുന്നത്.കുംഭമാസ പൂജകൾക്കായി ഈ മാസം 12ന് നട തുറക്കാനിരിക്കെ വലിയ പൊലീസ് കാവലിൽ തന്നെയാകും ശബരിമല. നിരോധനാജ്ഞയ്ക്കും സാധ്യതയുണ്ട്.

തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ തുടങ്ങിയ പൊലീസ് കാവലും, നിരോധനാജ്ഞയും കുംഭമാസ പൂജാനാളുകളിലും ഉണ്ടാകാനാണ് സാധ്യത. കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ദർശന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തവണ ദർശനം നടത്താൻ സാധിക്കാതെ മടങ്ങിയ രേഷ്മയും ഷാനിലയും കോടതിയെ സമീപിച്ച സാഹചര്യത്തിൽ പൊലീസിന് സുരക്ഷ ഒരുക്കേണ്ടിയും വരും. അഞ്ചു ദിവസം ദർശനം ഉണ്ടാകുന്ന സാഹചര്യത്തിൽ മണ്ഡല കാലത്ത് കണ്ട തിനേക്കാൾ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുമുണ്ട്. ശബരിമല വീണ്ടും സംഘർഷ ഭൂമിയാകാനുള്ള സാധ്യത ആശങ്കപ്പെടുത്തന്നു എന്ന പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമയുടെ വാക്കുകൾ ഇതിന്റെ സൂചനയാണ്.

മണ്ഡല, മകരവിളക്ക് കാലത്തിന് കണ്ടതിനേക്കാൾ വലിയ പ്രതിഷേധമായിരുന്നു ശബരിമലയിൽ തുലാമാസ പൂജക്കാലത്തും ചിത്തിരയാട്ട പൂജാനാളുകളിലും ഉണ്ടായത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്‌ സുപ്രിം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ ദർശനത്തിനായി ഇനിയും യുവതികളെ എത്തിക്കും എന്നാണ് സൂചന. അതെ സമയം സായുധ പൊലീസ് സേനയുടെ പഴുതടച്ച സുരക്ഷാ വിന്യാസം കുംഭമാസ പൂജാക്കാലത്തും ഉണ്ടാകും.എന്നാൽ സുരക്ഷ സംബന്ധമായ കാര്യങ്ങൾ ഒരുക്കുന്നത് സർക്കാരാണെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയാക്കി രാഷ്ട്രീയ കക്ഷികളും മുതലെടുപ്പ് നടത്തുമ്പോൾ സംഘർഷ സാധ്യതയ്ക്കും ഇടയുണ്ട്.