സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എസ് രാമചന്ദ്രന് പിള്ള. സില്‍വര്‍ലൈന്‍ സമരത്തെ ഉയര്‍ത്തിക്കാട്ടി ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് രാമചന്ദ്രന് പിള്ള പറഞ്ഞു. ഒരു ചെറിയ വിഭാഗം മാത്രമാണ് പദ്ധതിയെ എതിര്‍ക്കുന്നത്. ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും എസ്ആര്‍പി വ്യക്തമാക്കി.
‘കേരളത്തിന്റെ സമഗ്രമായ വികസനത്തെ അങ്ങേയറ്റം സഹായിക്കുന്ന പദ്ധതിയാണ് കെ റെയില്‍. കെ റെയില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയമായി പ്രചാരവേല നടത്താനും ജനങ്ങളെ അണിനിരത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ തിരുത്താനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എസ് രാമചന്ദ്രന് പിള്ള പറഞ്ഞു.
നഷ്ടപരിഹാരം നല്കിയ ശേഷം മാത്രമേ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ജനങ്ങളില്‍ നിന്നും ഭൂമി ഏറ്റെടുക്കൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎം ഊന്നിപ്പറയുന്നത്. പ്രതിഷേധക്കാര്‍ കല്ല് പിഴുതെടുത്താലും വേറെയും കല്ലുകിട്ടുമെന്നും കല്ലിന് ക്ഷാമമില്ലെന്നും കോടയേരി പരിഹാസമുയര്‍ത്തി. കളക്ട്രേറ്റിനുള്ളിലും സെക്രട്ടറിയേറ്റിനുള്ളിലും കയറി കല്ലിടുന്നു. ഇതെല്ലാം തല്ല് കിട്ടേണ്ട സമരരീതിയാണെന്നും പക്ഷേ പൊലീസ് സംയമനം പാലിച്ചെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചു. ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ല. ആ കാലമൊക്കെ മാറിപ്പോയെന്നും കോടിയേരി വ്യക്തമാക്കി.