കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്. ശബ്ദമഹാസമുദ്രം എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ ചലനമുണ്ടാക്കിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ’ എന്ന കവിതയുള്‍പ്പെടുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം.
അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരുന്നു. പിന്നീട് ആ കവിതയുടെ യഥാര്‍ത്ഥ രചീതാവിനെ തിരിച്ചറിഞ്ഞതോടെയാണ് മലയാളികള്‍ക്കിടയില്‍ എസ്. കലേഷ് എന്ന പേര് സുപരിചിതമാവുന്നത്. വിവാദ കവിത ഉള്‍പ്പെടുന്ന ശബ്ദമഹാ സമുദ്രം എന്ന പുസ്തകമാണ് ഇപ്പോള്‍ കനകശ്രീ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. അക്കാദമി പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും താന്‍ അടങ്ങുന്ന പുതുതലമുറയ്ക്കു കിട്ടിയ അംഗീകാരമായിട്ട് പുരസ്‌കാരത്തെ കാണുന്നതെന്നും കലേഷ് മീഡിയാവണിനോട് പറഞ്ഞു.
2011ലായിരുന്നു അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എസ് കലേഷ് തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കയും സി.എസ് വെങ്കിടേശ്വരന്‍ കവിത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ‘ഇന്ത്യന്‍ ലിറ്ററേച്ചറി’ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് 2015ല്‍ ഇറങ്ങിയ ‘ശബ്ദമഹാസമുദ്രം’ എന്ന കവിതാ സമാഹാരത്തില്‍ കവിത ഉള്‍പ്പെടുത്തിയതും ഇപ്പോള്‍ കനകശ്രീ പുരസ്‌കാരത്തിന് അര്‍ഹമായതും.