Kerala

റഷ്യൻ കപ്പലായ ‘എം.വി.മയ’യെ മോചിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റഷ്യ

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കൊച്ചി തുറമുഖത്ത് കഴിഞ്ഞദിവസം അറസ്റ്റിലായ റഷ്യൻ കപ്പൽ ‘എം.വി.മയ’യെ മോചിപ്പിക്കാൻ
ഇന്ത്യ ഇടപെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ റഷ്യൻ എംബസിയാണ് ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തോടെ ആവശ്യപ്പെട്ടത്. റഷ്യയിലെയും എസ്തോണിയായിലെയും സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള വ്യാപാര തർക്കത്തിൽ ഇന്ത്യയിലെ കോടതിയ്ക്ക് ഇടപെടാൻ ആകില്ലെന്നാണ് റഷ്യയുടെ നിലപാട്.

ഇന്ത്യൻ നേവിക്ക് ചരക്കുമായി എത്തിയതാണ് റഷ്യൻ കപ്പൽ. ഇന്ധനവില നൽകാത്തതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കപ്പൽ പിടിച്ചുവെച്ചത്. ജസ്റ്റിസ് സതീഷ് നൈനാന്റെതായിരുന്നു ഉത്തരവ്. ഇന്ധന ബങ്കർ വാങ്ങിയ വകയിൽ 23,503.14 യു.എസ്. ഡോളറാണ് എസ്തോണിയയിലുള്ള കമ്പനിക്ക് നൽകാനുള്ളത്.18.68 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണിത്.

കപ്പൽ കൊച്ചി തുറമുഖത്ത് അടുക്കുന്നതായി അറിഞ്ഞ് ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര സമുദ്രനിയമം അനുസരിച്ച് കപ്പൽ ഏത് തുറമുഖത്താണോ, അവിടെയുള്ള കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാനാകും. തുറമുഖത്ത് വെച്ച് റഷ്യൻ കപ്പൽ പിടികൂടിയെങ്കിലും നേവിക്കായി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുന്നതിന് തടസ്സമില്ല. റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്നതാണ് ഇന്ധനവില അടയ്ക്കുന്നതിന് തടസ്സമായതെന്നാണ് കപ്പൽ ഉടമകളുടെ നിലപാട്.