തിരുവനന്തപുരം ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. കത്തിയും ദണ്ഡുകളും അടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറ് ഉള്‍പ്പെടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കെതിരായ നടപടി ഭാഗമായാണ് റെയ്ഡ്.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് നെടുമങ്ങാടുള്ള ആര്‍.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. സംഘ ശക്തി എന്ന് പേരുള്ള കെട്ടിടം തുറന്ന് പൊലീസ് സംഘം പരിശോധന നടത്തി. ദണ്ഡുകള്‍, കത്തി, കൊടുവാള് എന്നി കെട്ടിടത്തിനകത്ത് നിന്നും പുറത്തു നിന്നുമായി പൊലീസ് കണ്ടെത്തി. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളും പിടിച്ചെടുത്തവയിലുണ്ട്.
നെടുമങ്ങാട് ഡി.വൈ.എസ്.പി.ഡി അശോക്, നെടുമങ്ങാട് സി.ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ നെടുമങ്ങാട് കേന്ദ്രീകരിച്ച് സംഘപരിവാര്‍ സംഘടനകള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. നിരവധി സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പൊലീസ് സ്റ്റേഷന് നേരെ ബോംബെറിയുകയും ചെയ്തിരുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ കാര്യവാഹക് അര്‍ജുനനാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അക്രമ സംഭവങ്ങളില്‍ പ്രതികളായ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലാ കാര്യാലയം റെയ്ഡ് ചെയ്തത്. റെയ്ഡ് വിവരം അറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. സുരേഷ് സ്ഥലത്തെത്തിയിരുന്നു.