India Kerala

ആര്‍.എസ്.എസ് സംഘം കുടുംബത്തെ ആക്രമിച്ചതായി പരാതി; നാലംഗ കുടുംബം ആശുപത്രിയില്‍

കൊല്ലം മനയില്‍കുളങ്ങരയില്‍ നാലംഗ കുടുംബത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. ടാക്സി ഡ്രൈവറായ മനയിന്‍കുളങ്ങര സ്വദേശി രഞ്ജുവിനും കുടുംബത്തിനുമാണ് മര്‍ദനമേറ്റത്. വീടിന്റെ വേലി പൊളിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിന്റെ വേലി വാഹനം ഉപയോഗിച്ച് തകര്‍ത്തത് ചോദ്യം ചെയ്ത രഞ്ജുവിനെ അയല്‍വാസിയായ സുദര്‍ശന്‍ മര്‍ദിക്കുകയായിരുന്നു. ര‍ഞ്ജുവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ ഭാര്യ ശ്രീദേവി ആക്രമണം തടയാന്‍ ശ്രമിച്ചതോടെ സുദര്‍ശന്റെ സഹോരന്‍മാരടക്കം 9 അംഗ സംഘമെത്തി രഞ്ജുവിനെയും കുടുംബത്തെയും ആക്രമിച്ചു. രക്ഷിതാക്കളെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മക്കളായ രജിത്തിനെയും റെജിനെയും സംഘം മര്‍ദിച്ചു.

ര‍ഞ്ജുവിന്റെ ഭാര്യ ശ്രീദേവിയെ ചവിട്ടിവീഴ്ത്തുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. വടികൊണ്ടുള്ള അടിയേറ്റ് രഞ്ജുവിന്റെ തലക്കും, ശ്രീദേവിയുടെ ചെവിക്കും പരിക്കേറ്റു. മകനായ രജിന്റെ കൈ ഒടിയുകയും രജിത്തിന്റെ മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. സംഭവത്തില്‍ കൊല്ലം വെസ്റ്റ്പൊലീസ് കേസെടുത്തിട്ടുണ്ട്.