Kerala

കടല്‍ക്ഷോഭം: കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

ചാവക്കാട് മുനയ്ക്കകടവില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗില്‍ബര്‍ട്ട്, മണി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കായാണ് കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.

അതേസമയം വൈക്കത്ത് നിന്നു മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ജനാര്‍ദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് തെരച്ചിലില്‍ കണ്ടെത്തിയത്. കായലില്‍ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താന്‍ കഴിയാതിരുന്ന ഇവര്‍ പെട്ടുപോകുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ, പോലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്.

തോട്ടപ്പള്ളി പടിഞ്ഞാറെ കടലിലും മത്സ്യബന്ധന ബോട്ട് കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. വടക്കേ തോപ്പില്‍ എന്ന ബോട്ടാണ് കടല്‍ക്ഷോഭം മൂലം കരയ്ക്ക് അടുക്കാന്‍ സാധിക്കാതെ പെട്ടുപോയത്. ബോട്ടില്‍ ആറ് മലയാളികളും നാല് ബംഗാള്‍ സ്വദേശികളും ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്തുന്നതിനായി കോസ്റ്റ് ഗാര്‍ഡിനെ ചുമതലപ്പെടുത്തി.