India Kerala

പാലക്കാട് 75 കിലോ പഴകിയ മീൻ പിടികൂടി

പാലക്കാട് പഴകിയ മീൻ പിടികൂടി. ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മീൻ സാമ്പിളുകൾ ശേഖരിച്ച് തത്സമയം മൊബൈൽ ലാബിൽ പരിശോധിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞയാഴ്ച എറണാകുളം മരടിൽ നിർത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്ന‌റുകളിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി ചീഞ്ഞ മീൻ കണ്ടെത്തിയത്. വിവാദമായതോടെ ആന്ധ്രാപ്രദേശിൽ നിന്ന് മീൻ കൊണ്ടുവന്ന ഡ്രൈവർമാർ സ്ഥലത്ത് നിന്ന് മുങ്ങി.

മരടിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറുകളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാർ കണ്ടെയ്നർ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്.

ചീഞ്ഞ മീനിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുർഗന്ധവുമുണ്ടായി. ഒരു കണ്ടെയ്നറിൽ 100 പെട്ടി മീനും മറ്റൊന്നിൽ 64 പെട്ടി മീനുമാണുള്ളത്. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ മീനിന്‍റെ സാന്പിൾ പരിശോധനയ്ക്കെടുത്തു.