Kerala

തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണം; മുല്ലപ്പെരിയാറില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമില്‍ നിന്ന് അധികമായി ജലം കൊണ്ടുപോകണമെന്നാണ് നിലവില്‍ കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവില്‍ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.

1200 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് എടുക്കുന്നത്. 2700 ഘനയടി ജലം വരെ ഡാമില്‍ നിന്ന് തമിഴ്‌നാടിന് കൊണ്ടുപോകാം. ഡാമിന്റെ ജലനിരപ്പ് താഴ്ത്തിനിര്‍ത്തേണ്ടത് നിലവില്‍ അനിവാര്യമാണെന്നും പരമാവധി വെള്ളം തമിഴ്‌നാട് എടുക്കണമെന്നും മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ഗുല്‍ഷന്‍ രാജ് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്നാണ് ഉന്നത സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടത്. ജലനിരപ്പ് 139.99 അടിയായി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി നിര്‍ദ്ദേശം കേരളം ചൂണ്ടിക്കാട്ടി. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഇന്ന് തള്ളി. കേരരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ്, തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കേന്ദ്ര ജല കമ്മീഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജുമാണ് ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.