കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റോജോ. സിവില്‍ കേസിന്റെ മധ്യസ്ഥ ശ്രമത്തിനിടെയാണ് കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു.
പത്ത് മണിക്കൂറോളമാണ് ആദ്യ ദിനത്തില്‍ അന്വേഷണ സംഘം റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴി രേഖപ്പെടുത്തിയത്. ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടെയും മൊഴി രേഖപ്പെുത്തിയത്. നിലവിലെ അന്വേഷണത്തില്‍ റോജോ തൃപ്തി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന് നന്ദി അറിയിച്ചു. ആത്മാക്കള്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും നീതി ലഭിക്കട്ടെയെന്നും റോജോ പറഞ്ഞു. റോയി തോമസിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി പിന്‍വലിപ്പിക്കുന്നതിന് ജോളി നടത്തിയ ശ്രമങ്ങളെകുറിച്ചും റോജോ മാധ്യമങ്ങളോട് പങ്കുവെച്ചു.
അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും റോജോ പറഞ്ഞു. റോയിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.