Kerala

‘കാക്കി കണ്ടാൽ കടിക്കണം’; നായകൾക്ക് റോബിൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ലഭിച്ചു

കോട്ടയത്ത് ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. (robin train dogs police)

കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ.

കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവിൽ നടത്തി വന്നിരുന്ന കഞ്ചാവ് വില്പന അല്പം മുൻപാണ് പൊലീസ് പിടികൂടിയത്. ഹോസ്റ്റലിൽ നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പൊലീസ് പിടികൂടിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിട്ട ശേഷം പ്രതി റോബിൻ ഓടി രക്ഷപ്പെട്ടു.

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞു. പുലർച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടു. ഇതിലൂടെ പൊലീസ് സാന്നിധ്യം സംശയിച്ച റോബിൻ മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു

റോബിൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരം ശല്യക്കാരൻ ആയിരുന്നു റോബിൻ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ റോബിനെതിരെ വേറെയും കേസുകൾ ഉണ്ട്

പൊലീസിനെ കണ്ട് ഓടിയ റോബിൻ ജില്ല വിട്ടതായാണ് സംശയം. അന്തർ സംസ്ഥാന ലഹരി മാഫിയുമായുള്ള റോബിന്റെ ബന്ധങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.