Kerala

ടാറിംഗിന് പിന്നാലെ റോഡുകള്‍ പൈപ്പിടാന്‍ കുത്തിപ്പൊളിക്കില്ല; മന്ത്രി റോഷി അഗസ്റ്റിൻ

റോഡുകള്‍ ടാറ് ചെയ്തതിന് പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്ത നീക്കം. ഇതിനായി പ്രവര്‍ത്തികളുടെ കലണ്ടര്‍ തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജനുവരിയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങള്‍.

റോഡുകളില്‍ നടക്കാന്‍ പോകുന്ന ജോലിയുടെ കലണ്ടര്‍ കെ ഡബ്ല്യു എയും പി ഡബ്യു ഡിയും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. അത്യാവശ്യമായി ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അനുവാദത്തിനും ഇതേ പോര്‍ട്ടലിലൂടെ തന്നെ വാട്ടര്‍ അതോറിറ്റി അപേക്ഷിച്ചാല്‍ മതിയാകുമെന്നും ജലവിഭവവകുപ്പ് മന്ത്രി വ്യകത്മാക്കി.

റോഡുകള്‍ ടാറിംഗ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കുത്തിപൊളിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്നാണ് ഇരു വകുപ്പുകളുടേയും മന്ത്രിമാര്‍ യോഗം ചേര്‍ന്ന് സമിതി രൂപീകരിച്ചതും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതും. ഇരുവകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കുന്നതോടെ പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.