India Kerala

മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷൻ ഇനി മിന്നു മണിയുടെ പേരില്‍ അറിയപ്പെടും


മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷനായ മൈസൂർ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേര് നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. മൈസൂർ റോഡിനോട് ചേർന്നുള്ള ഒണ്ടയങ്ങാടി- എടപ്പടി സ്വദേശിനിയായ മിന്നു മണി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുകയും നിർണായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത പശ്ചാചാത്തലത്തിൽ മിന്നു മണിയോടുള്ള ആദരസൂചകമായാണ് മാനന്തവാടി – മൈസൂർ റോഡ് ജംഗ്ഷൻ്റെ പേര് മിന്നു മണി ജംഗ്ഷനെന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഈ ഭാഗത്ത് മിന്നു മണി ജംഗ്ഷൻ എന്ന ബോർഡ് സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.

ആദ്യ രാജ്യാന്തര ട്വന്റി-20 മത്സരത്തില്‍ തന്നെ മിന്നു മികച്ച പ്രകടനം കാഴ്ച വച്ച ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം. ആദ്യ മത്സരത്തില്‍ തന്നെ മകള്‍ക്ക് വിക്കറ്റ് നേടാന്‍ ആയതിന്റെ സന്തോഷം മാതാപിതാക്കളായ വസന്തയ്ക്കും മണിക്കും ഇപ്പോഴുമുണ്ട്. മിന്നുവിന്റെ വീട്ടുകാരും നാട്ടുകാരും മത്സരം കണ്ടത് മൊബൈല്‍ ഫോണിലൂടെയാണ്.

ബംഗ്ലാദേശിന്റെ ബാറ്റിംഗ് പൂര്‍ത്തിയാകുന്നതിനിടെ എംഎല്‍എ ഓര്‍ക്കേണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാരും മിന്നുവിന്റെ വീട്ടിലെത്തിയിരുന്നു. മിന്നുവിന്റെ അടുത്ത പ്രകടനത്തിനായി നാട് കാത്തിരിക്കുകയാണ്.