India Kerala

റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്

ഹാരിസണിന്റെ പക്കലുണ്ടായിരുന്ന റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്. കൊല്ലം ജില്ലാ കലക്ടര്‍,തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന മാനദണ്ഡം ഉള്‍പ്പെടുത്തിയാണ് റിയ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിച്ചിരിക്കുന്നത്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ റിയ എസ്റ്റേറ്റിന് കൈമാറ്റം ചെയ്ത 83.61 ഹെക്ടര്‍ ഭൂമിയുടെ കരം കഴിഞ്ഞ മാസമാണ് തെന്മല വില്ലേജ് ഓഫീസില്‍ സ്വീകരിച്ചത്. അതും കലക്ടറുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍.റിയ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍മേല്‍ അപ്പീലിന് സാധ്യതയില്ലെന്നും അത് കൊണ്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ പോക്കുവരവ് ചെയ്ത് കൊടുക്കണമെന്നുമുള്ള എ.ജിയുടെ നിയമോപേദശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാനത്തിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. അതുകൊണ്ട് ഉടമസ്ഥാവകാശത്തിന് കോടതിയെ സമീപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കിയാണ് കലക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി കൊല്ലം ജില്ലാ കലക്ടറും വ്യക്തമാക്കി.

ഹാരിസണിന്റെ പക്കലുള്ള എസ്റ്റേറ്റുകളില്‍ നിന്ന് കരം സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നതിനിടയിലാണ് റിയ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഹാരിസണ്‍ കോടതിയില്‍ പോയാല്‍ അവരുടെ പക്കലുള്ള മറ്റ് എസ്റ്റേറ്റുകളില്‍ നിന്ന് കരം സ്വീകരിക്കുമെന്ന ഉത്തരവുണ്ടാകുമോ എന്ന ആശങ്ക നിയമവൃത്തങ്ങളിലുമുണ്ട്.