Kerala

റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി; പരോൾ അനുവദിച്ച് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്.

പൊലീസ് അകമ്പടിയിലാകും വിവാഹത്തിൽ പങ്കെടുക്കുക. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദൻറെ ഭാര്യയുടെ ഹർജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്.

ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദൻ, സുപ്രീംകോടതി ഇടപെടലിനെത്തുടർന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോൾ. കൂർത്ത ആയുധങ്ങളുപയോഗിച്ചു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴു കേസിൽ അഞ്ചെണ്ണത്തിൽ കുറ്റവിമുക്തനായി.