ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാന്‍ ജോസ് കെ.മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കായി സഭയും കോണ്‍ഗ്രസും നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടെന്നാണ് വിവരം.
കെ.എം മാണി ഉണ്ടാക്കിയ പാര്‍ട്ടി ആര്‍ക്കും വിട്ട് നല്‍കേണ്ടതില്ലെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ മാണിയുടെ മകനായ ജോസ് കെ.മാണി തന്നെ ചെയര്‍മാനാകണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ഒരു കുടുംബ പാര്‍ട്ടിയല്ലെന്നാണ് പി.ജെ ജോസഫ് പക്ഷത്തിന്റെ വാദം. മറ്റുള്ളവരിലേക്ക് അധികാരം എത്തണമെന്നാണ് പിജെ അടക്കമുളളവര്‍ പറയുന്നത്. സി.എഫ് തോമസിനാണെങ്കിലും ചെയര്‍മാന്‍ സ്ഥാനം നല്കണമെന്ന് ഇവര്‍ പറയുന്ത് അതുകൊണ്ടാണ്. ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി തുടരുകയാണ്. നിലവില്‍ ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് പാര്‍ട്ടി പിടിക്കാനാണ് പി.ജെ ജോസഫ് വിഭാഗം ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ.മാണി വിഭാഗം. ചെയര്‍മാനെ തെരഞ്ഞെടുക്കാതെ ഒരു പരിപാടിയും വേണ്ടെന്നാണ് ജോസ് കെ.മാണി വിഭാഗം പറയുന്നത്. ഇതിനിടെ പാല രൂപത ബിഷപ്പ് അടക്കമുള്ള ചില ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നു. ജോസ് കെ.മാണിയുമായും പി.ജെ ജോസഫുമായും പാല ബിഷപ്പ് അടക്കമുള്ളവര്‍ സംസാരിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറായില്ലെന്നാണ് സൂചന.