Kerala

ശമ്പളം മൌലികാവകാശം: പണമില്ലെന്ന് പറഞ്ഞ് നല്‍കാതിരിക്കരുത്

ചെയ്ത ജോലിക്കുള്ള ശമ്പളം ലഭിക്കുക എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. പണമില്ലെന്ന പേരില്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും വൈകിയതിന് എതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പണമില്ലെന്ന് പറയുന്നത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതിരിക്കുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖാ പാലി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്.

ചെയ്യുന്ന ജോലിക്ക് കൂലിയും പിന്നീട് പെന്‍ഷനും ലഭിക്കുക എന്നത് ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മൌലിക അവകാശത്തിന്‍റെ ഭാഗമാണ്. ജോലി ഉണ്ടായിട്ടും വരുമാനം ഇല്ലാതിരിക്കുന്നത് ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെയും ചുറ്റുപാടുകളെയും മോശമായി ബാധിച്ചേക്കുമെന്നും കോടതിയുടെ ഭാഗത്ത് നിന്ന് നിരീക്ഷണമുണ്ടായി.

കോവിഡ് 19 ന്‍റെ ഭീതിക്കിടെ തങ്ങളുടെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനവും പെന്‍ഷനും മുടങ്ങുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കോടതി വിമര്‍ശിച്ചു.

ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന കോര്‍പ്പറേഷന്‍റെ വാദഗതി സ്വീകാര്യമേയല്ല. വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മറ്റു ചെലവു വിവരങ്ങള്‍ വിശദമായി അറിയിക്കണമെന്നും ഹരജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി.