Kerala

കെ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

തെരഞ്ഞെടുപ്പ് തോൽവിക്കും കുഴൽപ്പണ ആരോപണത്തിനും പിന്നാലെ കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം. സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചു. സുരേന്ദ്രനും മുരളീധരനും ചേർന്ന് പാര്‍ട്ടിയെ കുടുംബസ്വത്താക്കിയെന്നും നേതാക്കൾ ആരോപിച്ചു. ദേശീയ നേതാക്കളുമായി നിലവിലെ സാഹചര്യം വിശദീകരിക്കാൻ കെ സുരേന്ദ്രന്‍ ഡൽഹിയിൽ തുടരുകയാണ്. കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് നേതൃത്വത്തെ അറിയിച്ചു കൊണ്ടാണ് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ചതാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പല നേതാക്കളെയും ഒഴിവാക്കി പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയാണ് നിയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം നിലവിലെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്താൻ സുരേന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. കൊടകര കള്ളപ്പണ ഇടപാട് കേസ്, മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന ആരോപണം, സി കെ ജാനുവിന് പണം നല്‍കിയന്ന വെളിപ്പെടുത്തല്‍ എന്നിവ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതിയിലും പാര്‍ട്ടി ആഭ്യന്തര സമിതി അന്വേഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതല്ലെന്നും കേന്ദ്രമന്ത്രിമാരെ കാണാനാണ് എത്തിയതെന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം.