Kerala

വ്‌ലോഗര്‍ റിഫയുടെ മരണം: മെഹ്നാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവില്‍ കഴിയുന്ന മെഹ്നാസിന് ജാമ്യം അനുവദിക്കരുതെന്ന ആവശ്യമാണ് പ്രോസിക്യൂഷനുള്ളത്. ആത്മഹത്യാപ്രേരണ, ശാരീരിക, മാനസിക പീഡനം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് മെഹ്നാസിനെതിരെ കേസെടുത്തിരിക്കുന്നത്.

റിഫ മെഹനുവിന്റെ മരണത്തില്‍ തന്നെ വേട്ടയാടുകയാണെന്ന ആരോപണം ഒളിവില്‍ കഴിയവേ മെഹ്നാസ് ഉയര്‍ത്തിയിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഒടുവില്‍ ഒളിവില്‍ കഴിയുന്ന മെഹ്നാസിനെ കണ്ടെത്താന്‍ തിരച്ചില്‍ നോട്ടീസ് വരെ അന്വേഷണ സംഘത്തിന് ഇറക്കേണ്ടി വന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയുള്ള കേസിന്റെ ഗൗരവത്തെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

എന്നാല്‍ റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണമാണെന്ന കണ്ടെത്തല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കുമെന്ന് മെഹ്നാസും കണക്കുകൂട്ടുന്നു. എങ്കിലും ആത്മഹത്യാ പ്രേരണ കുറ്റവും ശാരീരിക മാനസിക പീഡന കുറ്റവും നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കും.

റിഫയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈമാസം ഏഴിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.