India Kerala

കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ല് സപ്ലൈകോ ഉടൻ സംഭരിക്കും

കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ല് സപ്ലൈകോ ഉടൻ സംഭരിക്കും. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, കൃഷിമന്ത്രി വി.എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്വകാര്യ മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തി. സപ്ലൈകോയുമായുള്ള തർക്ക വിഷയങ്ങളിൽ രണ്ട് മാസത്തിനകം ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്.

നെല്ല് സംഭരണം ആരംഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നെൽ കർഷകർ നേരിട്ട ദുരിതത്തിനാണ് താൽക്കാലിക പരിഹാരമായത്. ഇന്നലെ എറണാകുളത്ത് മന്ത്രിമാരായ തിലോത്തമൻ, വി.എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മില്ലുടമകളുമായി നടത്തിയ ചർച്ചയിൽ നെല്ലെടുക്കാമെന്ന് റൈസ് മിൽ അസോസിയേഷൻ വ്യക്തമാക്കി. സപ്ലൈകോയുമായുള്ള തർക്ക വിഷയങ്ങളിൽ രണ്ട് മാസത്തിനകം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രിമാർ മില്ലുടമകൾക്ക് ഉറപ്പ് നൽകി. അടുത്ത ദിവസം മുതൽ നെല്ല് സംഭരണം ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു.

പ്രശ്നം പരിഹരിച്ചതിൽ കർഷകരും ആശ്വാസത്തിലാണ്. എന്നാൽ കരാർ നിലവിൽ വന്ന് നെല്ല് സംഭരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്ന് കർഷകർ പറയുന്നു. നെല്ല് സംഭരണം വൈകിയത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. നെല്ല് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതാണ് ഭൂരിഭാഗം കർഷകരെയും വലച്ചത്. പല കർഷകരും കുറഞ്ഞ വിലക്ക് നെല്ല് വിൽപ്പന നടത്തിയിരുന്നു.