Kerala

എന്‍ഡിആര്‍എഫും സൈന്യവും കൊക്കയാറിലെത്തി; എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിര്‍ത്തുമെന്ന് റവന്യുമന്ത്രി

രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യു മന്ത്രി കെ രാജന്‍ ഇടുക്കി കൊക്കയാറിലെത്തി. ഇടുക്കിയിലേക്ക് എന്‍ഡിആര്‍എഫും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയെന്ന് മന്ത്രി അറിയിച്ചു. കാക്കയാറിലേക്കുള്ള വഴികളില്‍ ഇപ്പോഴും ഗതാഗത തടസം നേരിടുന്നുണ്ട്. ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമില്ലെന്നാണ് വിവരം. കൊക്കയാറില്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സംസ്ഥാനത്ത് കോട്ടയത്തും ഇടുക്കിയിലുമാണ് മഴക്കെടുതി രൂക്ഷമായത്. കോട്ടയത്ത് മാത്രം മരിച്ചവരുടെ എണ്ണം 13 ആയി. ഇടുക്കിയില്‍ എട്ടുപേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ഏന്തയാര്‍ വല്യന്ത സ്വദേശി സിസിലി (65) മരിച്ചു.

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി പത്തുമണിക്ക് 40 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പോത്തുണ്ടി ഡാമിലെ 3 ഷട്ടറുകളും 3 സെന്റിമീറ്റര്‍ ഉയര്‍ത്തി.