ബംഗളൂരുവിലെ മലയാളി മാധ്യമ പ്രവർത്തക കാസർഗോഡ് സ്വദേശിനി ശ്രുതിയുടെ ദുരൂഹ മരണത്തിൽ എങ്ങുമെത്താതെ ബംഗളൂരു പൊലീസിൻറെ അന്വേഷണം. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒളിവിൽപോയ ഭർത്താവ് കണ്ണൂർ സ്വദേശി അനീഷിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും ശ്രുതിയുടെ കുടുംബം പരാതി നൽകി.
മാർച്ച് ഇരുപതിനാണ് റോയിട്ടേഴ്‌സ് സീനിയർ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒളിവിൽപോയ അനീഷിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബംഗളൂരുവിൽ താമസിക്കുന്ന ശ്രുതിയുടെ കുടുംബം കർണാടക സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസിൽ വൈറ്റ്ഫീൽഡ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ശ്രുതിയുടെ കുടുംബം പറയുന്നത്.
അനീഷ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സംശയമാണ് കുടുംബം പങ്കുവയ്ക്കുന്നത്. വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ, ഭർത്താവ് അനീഷ് നിരന്തരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയിൽ കലാശിക്കാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ നീതി തേടി കേരള മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.