Kerala

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി വിജയ് സാഖറെയെ നിയമിച്ചു. എഡിജിപി എസ്. ശ്രീജിത്താണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ബി.സന്ധ്യയാണ് ഫയർഫോഴ്സ് മേധാവി. എസ് പിമാർക്കും മാറ്റങ്ങളുണ്ട്.

ഉന്നത ഉദ്യോഗസ്ഥർക്കടക്കം സ്ഥാനക്കയറ്റവും പുതിയ നിയമനവും നൽകിയാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. ഡിജിപി ആർ ശ്രീലേഖ വിരമിച്ച ഒഴിവിൽ എഡിജിപി സുദേഷ് കുമാർ ഡി.ജി.പി റാങ്കോടെ വിജിലൻസ് ഡയറക്ടറായി തുടരും. ഐജിമാരായിരുന്ന വിജയ് സാഖറെ, എസ്. ശ്രീജിത്ത് എന്നിവർ എഡിജിപിമാരായി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെ നീക്കിയശേഷം വിജയ് സാഖറെയെ നിയമിച്ചു. പകരം എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് ട്രെയിനിംഗിന്‍റെയും, കേരള പോലീസ് അക്കാദമിയുടെയും ചുമതല നൽകി.

എസ്. ശ്രീജിത്താണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ബി.സന്ധ്യയെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. മറ്റ് മാറ്റങ്ങൾ ഇങ്ങനെ. യോഗേഷ് ഗുപ്ത ബെവ്കോ എം.ഡിയാകും. എ.ഡി.ജി.പി അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷണർ. ജി സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐ.ജി. നാഗരാജു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. എ.അക്‍ബർ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.

കൊല്ലം റൂറൽ എസ്.പിയായി കെ ബി രവിയേയും, രാജീവ് പി.ബിയെ പത്തനംതിട്ട എസ്.പിയായും, സുജിത് ദാസിനെ പാലക്കാട് എസ്.പിയായും നിയമിച്ചു. കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയെ മാറ്റി, കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറായി നിയമിച്ചു. കണ്ണൂരിൽ റൂറൽ എസ്പിക്ക് പുറമെ കമ്മീഷണർ തസ്തികയും രൂപീകരിച്ചു. ആർ.ഇളങ്കോ ആണ് പുതിയ കണ്ണൂർ കമ്മീഷണർ.