യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന അധ്യാപക നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സെനറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവരണ ക്രമം അട്ടിമറിച്ച് വീണ്ടും നിയമനം എന്ന് ആരോപണം. ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ച സംവരണ തസ്തികകള്‍ അട്ടിമറിച്ചാണ് നിയമനമെന്നാണ് പരാതി. യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന അധ്യാപക നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സെനറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.
19 വകുപ്പുകളിലാണ് നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 116 അധ്യാപക തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്കായി നാല് തസ്തികകളാണ് മാറ്റി വെച്ചിട്ടുള്ളത്. ഇത് അട്ടിമറിച്ചെന്നാണ് പുതിയ ആരോപണം. നേരത്തെ സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ച ഭിന്നശേഷിക്കാരുടെ സംവരണ ക്രമം സംബന്ധിച്ച സത്യവാങ്മൂലത്തില്‍ 100 ഒഴിവുകളില്‍ 1, 33, 66, 99 എന്നീ ക്രമത്തില്‍ തസ്തികകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ്ചാന്‍സലര്‍ അവതരിപ്പിച്ചത് ഇതിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം രംഗത്തെത്തി.
ചാന്‍സിലര്‍ അവതരിപ്പിച്ച പുതിയ പട്ടിക അനുസരിച്ച് 1, 26 ,51, 76 എന്നീ ക്രമത്തിലാണ് ഭിന്നശേഷിക്കാര്‍ക്കായി സംവരണം നടപ്പാക്കുന്നത്. അതേസമയം സംവരണ ക്രമം അട്ടിമറിച്ചിട്ടില്ലെന്നും ഭിന്നശേഷി നിയമനങ്ങളില്‍ പി.എസ്.സി മാനദണ്ഡങ്ങള്‍ പിന്തുടരുന്നുണ്ടെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനങ്ങള്‍ നടത്തുന്നതെന്നും അധ്യാപക നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യു.ഡി.എഫ് സെനറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.