മുന്നാക്ക സംവരണത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണച്ചതില്‍ പിന്നാക്ക വിഭാഗത്തിന് അമര്‍ഷം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് പിന്നാക്ക വിഭാഗങ്ങളെ പരിഹസിക്കുന്നതാണെന്ന് പിന്നാക്ക സംഘടനകളും പിന്നാക്ക വിഭാഗ നേതാക്കളും പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരിന്‍റെ നവോത്ഥാന മുന്നേറ്റത്തില്‍ കൂടെ നിന്നവരും നിരാശയിലാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സവര്‍ണ വോട്ട് ബാങ്ക് ലാക്കാക്കി ബി.ജെ.പി കൊണ്ടുവന്ന മുന്നാക്ക സംവരണത്തെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചതിനെ വളരെ ഗൌരവത്തോടെയാണ് പിന്നാക്ക സംഘടനകള്‍ കാണുന്നത്.
പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ പാര്‍ട്ടികള്‍ ലാഘവത്തോടെ കണ്ടുവെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ നവോത്ഥാന പരിപാടികളുടെ ഭാഗമായിരുന്നവരും ഈ വിഷയത്തില്‍ പാര്‍ട്ടികളെ വിമര്‍ശിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പിന്നാക്ക സംഘടനകള്‍. രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കും വിധം പ്രക്ഷോഭം സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.