India Kerala

പെരുംമഴക്ക് ശമനം; 82 മരണം

സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

അതേസമയം, ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപംകൊളളുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മഴക്കെടുതില്‍ ഇതുവരെ സംസ്ഥാനത്ത് 82 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 2,61,292 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

കാണാതായവരില്‍ കൂടുതലും മലപ്പുറത്ത് കവളപ്പാറയിലും പുത്തുമലയിലുമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. 13 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഇന്നലെ അറിയിച്ചിരുന്നത്.

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരും. ഇതിനകം 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 7 പേരെ കാണാതായിട്ടുണ്ടെന്നാണ് നിഗമനം. എന്‍.ഡി.ആര്‍.എഫും കൂടുതല്‍ സന്നദ്ധ സേവകരും ഇന്നും തെരച്ചിലിന്‍റെ ഭാഗമാകും. 125 സൈനികര്‍ ഇപ്പോള്‍ വയനാട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ കുറിച്യാര്‍ മല ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മേല്‍മുറി പരിസര പ്രദേശങ്ങളില്‍ നിന്ന് 100 ലധികം കുടുംബങ്ങളെ ക്കൂടി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലാകെ 205 ക്യാമ്പുകളിലായി 36000 ത്തോളം പേരാണുള്ളത്.