സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങൾ ഇനി ഒരേ ബ്രാൻഡിലാവും. വിവിധ മേഖല യൂണിയനുകളുടെ ഉൽപ്പന്നങ്ങളാണ് ഏകീകൃത ബ്രാൻഡിലേക്ക് മാറുക. റീ പൊസിഷനിംഗ് മിൽമ – 2023 എന്ന പദ്ധതിയിലൂടെയാണ് മിൽമ മുഖം മിനുക്കുന്നത്.
നിലവിൽ മിൽമക്ക് മലബാർ, എറണാകുളം തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖല യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റുകൾക്ക് കീഴിലും വിവിധ ഉത്പന്നങ്ങൾ പല പേരുകളിലും പല രൂപത്തിലുമാണ് കച്ചവടം ചെയ്തിരുന്നത്. ഓരോന്നിനും ഓരോ രുചിയും പാക്കിംഗും ആയിരുന്നു. ഇതിനെയെല്ലാം ഏകീകൃത ബ്രാൻഡിലേക്ക് മാറ്റുകയാണ് റീപൊസിഷനിംഗ് മിൽമ 2023 എന്ന പദ്ധതി. ഗുണനിലവാരം ഉറപ്പാക്കി മിൽമാ ഉൽപ്പന്നങ്ങളെ ഒറ്റ ബ്രാൻഡ് ആക്കുകയാണ് ലക്ഷ്യം.
ദേശീയ ക്ഷീര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് മിൽമ ഒരു കുടക്കീഴിലാവുക. പാൽ, തൈര്, മോര് നെയ്യ്,ഐസ്‌ക്രീമുകൾ തുടങ്ങി 80ലധികം ഉൽപ്പന്നങ്ങളാണ് മൂന്നു മേഖല യൂണിയനുകളിലായി സംസ്ഥാനത്ത് വിപണിയിൽ എത്തുന്നത്. ഇവയുടെ ഉൽപ്പാദനം, സംവരണം, ഗുണനിലവാരം, വിപണനം തുടങ്ങിയവയിൽ ഇനി മാറ്റം വരും. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.