India Kerala

സി.പി.എം ഓഫീസിലെ റെയ്ഡ്: റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. നടപടിക്ക് ശിപാര്‍ശയില്ലാതെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.

റെയ്ഡില്‍ ചൈത്ര തെരേസാ ജോണിന് ജാഗ്രത കുറവ് ഉണ്ടായെന്നും എന്നാല്‍ ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട്. ചൈത്രയ്ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് എ.ഡി.ജി.പി ഡി.ജി.പിക്ക് കൈമാറിയത്. റിപ്പോര്‍ട്ടില്‍ നടപടി എഴുതി ചേര്‍ക്കാന്‍ ഡി.ജി.പിയും തയ്യാറായില്ല. അതേപടി മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഇനി തീരുമാനം മുഖ്യമന്ത്രി എടുക്കും.

നടപടി താക്കീതില്‍ ഒതുങ്ങുമെന്നാണ് ഐ.പി.എസ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചൈത്രയെ ക്രമസമാധാന ചുമതലകളില്‍ നിന്ന് നീക്കാന്‍ സി.പി.എം പരമാവധി ശ്രമിക്കുന്നുണ്ട്. വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുകയും ചെയ്തു. ചൈത്രയ്ക്ക് എതിരെ നടപടി ഉണ്ടായാല്‍ അത് സേനയുടെ ആത്മവീര്യം കെടുത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.