ഇടുക്കി ചിന്നക്കനാലിലെ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന റവന്യൂ സംഘത്തെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് രേണുരാജിനെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് വിവാദ ഉത്തരവ് പുറത്തിറങ്ങയത്. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് വിവാദ ഉത്തരവ് ജില്ലാ കലക്ടർ പിന്‍വലിച്ചത്.
ചിന്നക്കനാലിലെ അനധികൃത നിർമാണങ്ങളും ഭൂമി കയ്യേറ്റവും കണ്ടെത്തി നടപടി സ്വീകരിച്ചിരുന്ന 12 അംഗ റവന്യൂ സംഘത്തിലെ പത്ത് പേരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. പുതിയതായി നിയമിച്ചവർക്ക് അധിക ചുമതലയാണ് നല്കിയിരുന്നതും. നിലവിലുള്ള ജോലിക്കൊപ്പം ഭൂവിഷങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മാത്രം നടപടി സ്വീകരിക്കണം എന്നതായിരുന്നു നിയമന ഉത്തരവ്. നിലനിർത്തിയ രണ്ട് പേർക്ക് പ്രത്യേക ജോലിയുണ്ടെങ്കില്‍ മാത്രം സംഘത്തിനൊപ്പം ചേർന്നാല്‍ മതിയെന്നും ഉത്തരവുണ്ടായിരുന്നു. ചുരുക്കത്തില്‍ ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ തടയാനുള്ള റവന്യൂ സംഘം നിർജ്ജീവ അവസ്ഥയിലായി.
ഇത് വിവാദമായതോടെയാണ് ജില്ല കലക്ടർ പഴയ ഉത്തരവ് പിന്‍വലിച്ച് പത്ത് പേരെയും വീണ്ടും സംഘത്തോടൊപ്പം ഉള്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറക്കിയത്. ദേവികളും സബ് കലക്ടർ സ്ഥാനത്ത് നിന്ന് രേണുരാജിനെ നീക്കിയതിന് പിന്നാലെയാണ് റവന്യൂ ഉദ്യോഗസ്ഥരെയും നീക്കിയുള്ള ഉത്തരവ് വന്നത്. സംഭവം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും എന്ന വിലയിരുത്തലിലാണ് റവന്യൂ മന്ത്രിയുടെ ഇടപെടലില് വിവാദ ഉത്തരവ് പിന്‍വലിച്ചത്.