കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ ഭൗതികശരീരം ഇന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. യൂണിവേഴ്സിറ്റി കോളജിലും കലാഭവന്‍ തീയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഇന്നലെ ലെനിന് രാജേന്ദ്രന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ സ്വവസതിയിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അദ്ദേഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
ഇന്ന് രാവിലെ 9.30 മുതല്‍ യൂണിവേഴ്സിറ്റി കോളെജിലും 10.30 മുതല്‍ കെ.എസ്.എഫ്.ഡി.സി അസ്ഥാനമായ കലാഭവന്‍ തിയേറ്ററിലും പൊതുദര്‍ശനത്തിന് വക്കും. ഉച്ചയ്ക്കു രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകള്‍.
ഡിസംബര്‍ 17 നു നടന്ന കരള്‍ മാറ്റ ശാസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലായിരുന്ന ലെനിന് രാജേന്ദ്രന്റെ ആരോഗ്യസ്ഥിതി ഏതാനും ദിവസം മുന്‍പ് മോശമായി. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.