Kerala

മാഞ്ഞു പോയെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത ‘മണിനാദം’

ലോകം ഉള്ളിടത്തോളം കാലം ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ മലയാളിക്ക് നല്‍കിക്കൊണ്ടായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന്‍ വിട പറഞ്ഞത്. വിട പറഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അന്ന് തൊട്ടിന്നുവരെ ഒരു ദിവസം പോലും പാട്ടിലൂടെയോ സിനിമകളിലൂടെയോ മണിയെ കാണാത്ത മലയാളികളുണ്ടാവില്ല.

മണിയുടെ ജീവിതത്തെക്കുറിച്ച് മലയാളിക്ക് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട ആവശ്യമില്ല. ഒരു സിനിമാക്കഥ പോലെ ഭൂരിഭാഗം പേര്‍ക്കും മനഃപാഠമാണ് ആ ജീവിതം. മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തിയ മണി പതിയെ പതിയെ സിനിമയെ കീഴടക്കുകയായിരുന്നു. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും നായകനായുമായെല്ലാം മണി വെള്ളിവെളിച്ചത്തില്‍ നിറഞ്ഞാടിക്കൊണ്ടിരുന്നു. നാടന്‍ പാട്ടുകള്‍ക്ക് മലയാള സിനിമയില്‍ ജനപ്രിയ സ്ഥാനം നല്‍കിയത് മണിയുടെ പാട്ടുകളിലൂടെയാണെന്ന് പറയാം. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌.

മലയാളം കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം മണി തന്‍റെ സാന്നിധ്യം ഉറപ്പിച്ചു. വില്ലന്‍ വേഷങ്ങളാണ് അവതരിപ്പിച്ചതെങ്കിലും മിമിക്രി കാട്ടുന്ന വില്ലനെ തമിഴര്‍ക്ക് നന്നേ ബോധിച്ചിരുന്നു. ജെമിനി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് മണിക്ക് ലഭിച്ചു. അന്ധനായി വേഷമിട്ട വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും(പ്രത്യേക ജൂറി പുരസ്കാരം) നേടി.

സിനിമാരംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ 2016 മാർച്ച് 6-ന് അപ്രതീക്ഷിതമായിട്ടായിരുന്നു മണിയുടെ മരണം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. മലയാളി ഞെട്ടലോടെയായിരുന്നു മണിയുടെ മരണവാര്‍ത്ത കേട്ടത്. ജനം ഒഴുകിയെത്തി മണിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മലയാളികളുടെ മനസില്‍ മണി ഇന്നും മരിച്ചിട്ടില്ല. അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും മനസ് നിറച്ച പാട്ടുകളിലൂടെയും മണി ഇന്നും ജീവിക്കുന്നു.