Kerala

താനൂര്‍ ബോട്ടപകടം; അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ബോട്ടുടമ നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് നാളെ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലില്‍ നാസര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സ്രാങ്കിനെയും ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ക്കും. നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി. നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നു എന്ന വിമര്‍ശനത്തിനിടെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു.