ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കട്ടെയെന്നാണ് ഭൂരിഭാഗം മതനേതൃത്വങ്ങളുടെ തീരുമാനം.
ലോക്ക്ഡൌണിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കട്ടെയെന്നാണ് ഭൂരിഭാഗം മതനേതൃത്വങ്ങളുടെ തീരുമാനം.
കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇളവ് പ്രബല്യത്തില്‍ വന്നെങ്കിലും ശുചീകരണത്തിനും അണുവിമുക്തമാക്കുന്നതിനുമാണ് ഇന്നലെ ഉപയോഗപ്പെടുത്തിയത്.
നഗരപരിധികളിലെ മുസ്‍ലിം പള്ളികള്‍ മിക്കതും അടച്ചിടാനാണ് തീരുമാനം. ഗ്രാമങ്ങളിലും ചുരുക്കം പള്ളികള്‍ മാത്രമേ തുറക്കാനിടയുള്ളൂ. വിവിധ മുസ്‍ലിം സംഘടനകളും നേതാക്കളും ഇക്കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടാക്കിയിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങള്‍ തുറക്കും. എസ്എന്‍ഡിപിയും ക്ഷേത്രങ്ങള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര സംരക്ഷണ സമിതി, എന്‍എസ്എസ് എന്നിവര്‍ തങ്ങളുടെ മേല്‍നോട്ടത്തിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രവും തുറക്കില്ല. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ചര്‍ച്ചുകള്‍ തുറക്കാനാണ് ലത്തീന്‍ കത്തോലിക്ക, യാക്കോബായ സഭകളുടെ തീരുമാനം.
വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കുക, ഒരേ സമയം നൂറ് പേരില്‍ കൂടുതല്‍ പാടില്ല, മാസ്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം, വെള്ളത്തിന് ടാപ്പുകള്‍ മാത്രം ഉപയോഗിക്കണം തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
ഹോട്ടലുകളും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പകുതി സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുമതിയുള്ളൂ. കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളെയോ ജോലിക്കാരെയോ അനുവദിക്കരുത്. ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിക്കണം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന മെനു കാര്‍ഡ് വേണം നല്‍കാന്‍. മാളുകളില്‍ കുട്ടികളുടെ കളിസ്ഥലങ്ങളും തീയറ്റുകളും തുറക്കാന്‍ പാടില്ല
പ്രതീക്ഷയില്‍ കച്ചവടക്കാര്‍
ആരാധനാലയങ്ങൾ ഇന്ന് മുതൽ തുറക്കാനിരിക്കെ പ്രതീക്ഷയിലാണ് ക്ഷേത്രങ്ങളുടെ പരിസരത്തെ കച്ചവടക്കാര്‍. പ്രതിസന്ധയിലായ വ്യാപരമേഖലക്ക് ഉണര്‍വുണ്ടാകുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.
ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങളിലേക്ക് ഭക്തരുടെ വരവ് കുറഞ്ഞിരുന്നു. ഇതോടെ പരിസരത്തെ കച്ചവടക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇന്നലെ മാസങ്ങളായി അടഞ്ഞു കിടന്ന കടകളെല്ലാം തുറന്ന് വൃത്തിയാക്കിയിരിക്കുകയാണ് അവര്‍.
മുന്‍കാലങ്ങളിലേതു പോലെ വലിയ തിരക്കുണ്ടാകില്ലെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തരെത്തുന്നതോടെ നഗരവും സജ്ജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.