India Kerala

വയനാട് പ്രളയ ബാധിതര്‍ക്ക് ധനസഹായം ലഭിക്കാനുള്ള നടപടി ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കണം: കലക്ടര്‍

വയനാട് ജില്ലയില്‍ പ്രളയ ബാധിതര്‍ക്കുളള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. സര്‍ക്കാറിന്‍റെ അടിയന്തര സഹായമായ 10000 രൂപ ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് തുക ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഇന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് പൂര്‍ത്തിയാക്കാനാണ് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പുത്തുമല ദുരന്തബാധിതരുള്‍പ്പെടെയുള്ള വയനാട്ടിലെ പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് അടിയന്തര ധനസഹായം ഇനിയും പൂര്‍ണമായി നല്‍കിയിരുന്നില്ല. ജില്ലയില്‍ ആകെ 10,008 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കേണ്ടത്. ഇതില്‍ 2439 കുടുംബങ്ങള്‍ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു. ഡാറ്റാ എന്‍ട്രി നടപടികള്‍ പൂര്‍ത്തിയായ അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് അടുത്ത ദിവസം പണം ലഭ്യമാകും. ഇന്ന് വൈകിട്ട് 5നകം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

സോഫ്റ്റ് വെയറിന്റെ വേഗതക്കുറവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ധനസഹായ വിതരണത്തിന് കാലതാമസമുണ്ടാക്കിയതെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. ഇത്തവണ സംസ്ഥാന തലത്തിലാണ് ധനസഹായം വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണ നല്‍കിയതു പോലെ ജില്ലാ അടിസ്ഥാനത്തില്‍ സംവിധാനം ഒരുക്കാന്‍ കഴിയുമോയെന്നും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.

പുത്തുമല ഉരുള്‍പൊട്ടലുണ്ടായ വൈത്തിരി താലൂക്കിലാണ് അടിയന്തര ധനസഹായത്തിന് അര്‍ഹരായവരില്‍ കൂടുതല്‍ പേരും. വൈത്തിരിയില്‍ ആകെ 4750 കുടുംബങ്ങളുണ്ട്. മാനന്തവാടിയില്‍ 3712 കുടുംബങ്ങളും സുല്‍ത്താന്‍ ബത്തേരിയില്‍ 1546 കുടുംബങ്ങളുമാണ് ധനസഹായത്തിന് അര്‍ഹരായവര്‍. വൈത്തിരിയില്‍ ഇതുവരെ 867 കുടുംബങ്ങള്‍ക്കും മാനന്തവാടിയില്‍ 1070 കുടുംബങ്ങള്‍ക്കും സുല്‍ത്താന്‍ ബത്തേരിയില്‍ 502 കുടുംബങ്ങള്‍ക്കും ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടു നല്കി. ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ വൈത്തിരി താലൂക്കിന്റെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷിനും മാനന്തവാടിയുടെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫിനും നല്കി.