Kerala

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കടത്തി: തട്ടിപ്പിന് കൂട്ടുനിന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം അംഗമായ പ്രിനോ ഉതുപ്പാനാണ് വെട്ടിപ്പുനടത്തിയത്.

ആലപ്പുഴ നീലംപേരൂരില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം മാപ്പുപറഞ്ഞ് പണം തിരിച്ചുനല്‍കി. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം അംഗമായ പ്രിനോ ഉതുപ്പാനാണ് വെട്ടിപ്പുനടത്തിയത്. തട്ടിപ്പിന് കൂട്ടുനിന്ന ബ്രാഞ്ച് സെക്രട്ടറി സുകുമാരനെ സിപിഎം സസ്പെന്‍ഡ് ചെയ്തു.

നീലംപേരൂര്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. വീട്ടില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ഗവ. എല്‍പി സ്കൂളിലെ കാമ്പില്‍ താമസിക്കുന്നവര്‍ക്ക് വില്ലേജ് ഓഫീസര്‍ 20000 രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു. എന്നാല്‍ കാമ്പിലേക്കെത്തിയ ഭക്ഷ്യധാന്യങ്ങളില്‍ 3650 രൂപയുടെ സാധനങ്ങള്‍ കുറവുണ്ടായിരുന്നു. നാട്ടുകാര്‍ ഇത് കണ്ടെത്തി ചോദ്യം ചെയ്തതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ പ്രിനോ ഉതുപ്പാന്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചു.

വെട്ടിച്ച ഭക്ഷ്യധാന്യങ്ങള്‍ സിപിഎം നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ പി സുകുമാരന്റെ വീട്ടില്‍നിന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നാട്ടുകാരുടെ പരാതിയില്‍ കൈനടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.