രേഖകളിലെ പൊരുത്തക്കേടുകൾ കാരണം പിഎഫ് തുക നിരസിക്കപ്പെട്ടതിന്റെ പേരിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കെ.പി ശിവരാമനെന്ന 69 കാരനെ ആർക്കും അത്രപെട്ടെന്ന് മറക്കാൻ കഴിയില്ല. അപോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്ന ശിവരാമന്റെ പിഎഫ് കഴിഞ്ഞ 9 വർഷമായി മരവിച്ച അവസ്ഥയിലായിരുന്നു. ക്യാൻസർ ബാധിതനായ ശിവരാമൻ ചികിത്സയ്ക്കും മറ്റുമായാണ് പിഎഫ് തുക പിൻവലിക്കാൻ അപേക്ഷ നൽകിയത്.
എന്നാൽ രേഖകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി പിഎഫ് തുക നിഷേധിക്കപ്പെട്ടു. പിഎഫ് അക്കൗണ്ടിലെ 80,000 രൂപ ലഭിക്കണമെങ്കിൽ സ്‌കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കാനായിരുന്നു അധികൃതരുടെ നിർദേശം. 1960 കളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവരാമന് എങ്ങനെ സ്‌കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ? ഒടുവിൽ ഈ വർഷം ജനുവരി 30ന് കൊച്ചി പിഎഫ് ഓഫിസിൽ എത്തി ശുചിമുറിയിൽ കയറി , കൈയിൽ കരുതിയ വിഷം കുടിച്ച് ശിവരാമൻ പോരാട്ടം അവസാനിപ്പിച്ചു…
വിശരാമന്റേത് ഒരൊറ്റപ്പെട്ട സംഭവമല്ല. മുംബൈ സ്വദേശിനിയായ ദീപ്തി ഡി, കൊൽക്കത്ത സ്വദേശിയായ ആർ സാഹ, ഇങ്ങനെ രാജ്യത്തുടനീളം വിവിധ കാരണങ്ങളാൽ പിഎഫ് തുക നിഷേധിക്കപ്പെട്ടവർ നിരവധി.
റിട്ടയർമെന്റ് കാലത്തേക്കുള്ള കരുതൽ ശേഖരമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഇരുപതുകൾ മുതൽ സംബാധിച്ച്, ആപത്തുകാലത്ത് ഉപകാരപ്പെടുമെന്ന് കരുതിയ പിഎഫ് ചതിച്ചോയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. രാജ്യത്ത് പിഎഫ് അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, നിരസിക്കപ്പെട്ട പിഎഫ് അപേക്ഷകളുടെ എണ്ണം 13% ൽ നിന്ന് കുതിച്ച് 34% ലേക്ക് എത്തി. കൃത്യമായി പറഞ്ഞാൽ മൂന്നിൽ ഒന്ന് അപേക്ഷകൾ തഴയപ്പെടുന്നുവെന്ന് ചുരുക്കം.
പിഎഫ് ക്ലെയിമിന് മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്. ഒന്ന് ട്രാൻസ്ഫർ, രണ്ട് ഭാഗിക പിൻവലിക്കൽ, അവസാനത്തേത് ഫൈനൽ സെറ്റിൽമെന്റ്. ഇതിൽ ഫൈനൽ സെറ്റിൽമെന്റ് അഥവാ, പിഎഫ് കാലാവധി പൂർത്തിയാക്കിയ ശേഷം പണം പിൻവലിക്കുന്നതിനാണ് ഏറ്റവും കൂടുതൽ പ്രശ്‌നം നേരിടുന്നത്.
കണക്കുകൾ പ്രകാരം ഫൈനൽ സെറ്റിൽമെന്റിനായി 2022-23 വർഷത്തിൽ ലഭിച്ച 73.87 ലക്ഷം അപേക്ഷകളിൽ 24.93 ലക്ഷം അപേക്ഷകളും അധികൃതർ തള്ളി. 2017-18 വർഷത്തിൽ PF ന്റെ ഫൈനൽ സെറ്റിൽമെന്റിന്റെ റിജക്ഷൻ റേറ്റ്, അഥവാ പിഎഫ് അപേക്ഷ തള്ളുന്ന നിരക്ക് 13% ആയിരുന്നുവെങ്കിൽ 2018-19 വർഷത്തിൽ ഇത് 18.2% ലേക്ക് ഉയർന്നു. 2019-20 വർഷത്തിൽ ഇത് 24.1%ലും 2020-21 വർഷത്തിൽ ഇതിന്റെ തോത് 30.8% ലേക്കും ഉയർന്നു. 2021-22 വർഷത്തിൽ 35.2% ആണ് റിജക്ഷൻ റേറ്റ്.
ഇത്രയധികം അപേക്ഷകൾ തഴയപ്പെടുന്നതിന്റെ കാരണമായി, അധികൃതർ ചൂണ്ടിക്കാട്ടുന്നത് ഓൺലൈൻ സംവിധാനത്തേയാണ്. മുൻപ് രേഖകളുടെ വേരിഫിക്കേഷൻ നടത്തിയിരുന്നത് തൊഴിൽ ദാതാവ് തന്നെയാണ്. അതിന് ശേഷമാണ് EPFO ലേക്ക് അപേക്ഷ ലഭിച്ചിരുന്നത്. എന്നാൽ നിലവിൽ EPFO പോർട്ടലും ആധാറും തമ്മിൽ ബന്ധിപ്പിച്ചതോടെ വേരിഫിക്കേഷനെല്ലാം ഓൺലൈനായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രേഖകളിൽ വരുന്ന ചെറിയ പിഴവുകൾ പോലും അപേക്ഷ തള്ളുന്നതിന് കാരണമാകും.
മുൻപ് EPFO ഹെൽപ് ഡെസ്‌കിൽ നിന്ന് തന്നെ പിഴവുകൾ തിരുത്തി നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കുന്നത് ഓൺലൈനിലൂടെയായതിനാൽ ഇതിനുള്ള അവസരം നഷ്ടപ്പെടുന്നു. പേരിലെ ഒരു അക്ഷരത്തിൽ വരുന്ന മാറ്റമോ, ഇനിഷ്യലോ പോലും ഒരു മനുഷ്യായുസിലെ നമ്മുടെ സമ്പാദ്യം ട്ടിക്കളയുന്നതിന് കാരണമാകുന്നു.
പിഎഫ് അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നതിനെ കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 2022 ൽ നടന്ന സിബിടി മീറ്റിംഗിൽ, പിഎഫ് ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ചയായിരുന്നു.
29 കോടി ഉപയോക്താക്കളാണ് ഇപിഎഫ്ഒയ്ക്കുള്ളത്. ഇതിൽ 6.8 കോടി പേരും തവണകൾ അടച്ചുകൊണ്ടിരിക്കുന്നവരാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022-23 ൽ 5 കോടി അപേക്ഷകളാണ് EPFO പ്രൊസസ് ചെയ്തത്. 1.5 ലക്ഷം കോടി രൂപയുടെ പേയ്‌മെന്റ് നൽകിയിട്ടുണ്ട്. പിഎഫ് സെറ്റിൽമെന്റ്, ട്രാൻസ്ഫർ അപേക്ഷകൾ, ഭാഗിക പിൻവലിക്കൽ എന്നിവയ്ക്കായി ലഭിച്ച 5.21 കോടി അപേക്ഷകളിൽ 1.34 കോടി അപേക്ഷകളും തള്ളി. 3.77 കോടി അപേക്ഷകളാണ് തീർപ്പാക്കിയത്.