മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി രാഷ്ട്രീയ വിവാദത്തിലേക്ക്. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴയിലെ സിപിഐഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ നീരീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ഈ പരാതി ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തി. മന്ത്രിക്കെതിരെ കേസ് എടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജി സുധാകരന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ മറുപടി. തെരഞ്ഞെടുപ്പില്‍ സജീവമല്ലെന്ന ആക്ഷേപങ്ങള്‍ക്കെതിരെ ജി സുധാകരന്‍ ശക്തമായി പ്രതികരിച്ചതും ഇപ്പോഴത്തെ പരാതിയുമായി ബന്ധമുണ്ടെന്ന് സിപിഐഎമ്മിനകത്ത് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പ്രതികരണങ്ങളില്‍ നിന്ന് അദ്ദേഹത്തെ തടയുക ലക്ഷ്യമിട്ടാണ് പുതിയ കരുനീക്കമെന്നാണ് ജി സുധാകരന്‍ അനുകൂലികളുടെ ആരോപണം.
