India Kerala

മഴ ശക്തി പ്രാപിക്കുന്നു, മുന്നറിയിപ്പുമായി അധികൃതർ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മഴ കനത്തതോടെ പൊതുജന സുരക്ഷക്കായി വിവിധ ജില്ലകളിൽ റെഡ് അലേർട്ട് (അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുടർച്ചയായി അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ഇന്ന് (ജൂലൈ 20) കാസർഗോഡ്, ജൂലൈ 21 ന് ഇടുക്കി, കാസർഗോഡ് ജില്ലകളിലും ജൂലൈ 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ താമസിക്കുന്നവർ, പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെട്ടവർ, പണിപൂർത്തിയാകാത്ത വീടുകളിൽ താമസിക്കുന്നവർ തുടങ്ങിയവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. അധികൃതർ ആവശ്യപ്പെടുന്നതിനനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

ടോർച്ച്, റേഡിയോ, അരലിറ്റർ വെള്ളം, മുഴുവനായി ചാർജ് ചെയ്ത സാധാരണ മൊബൈൽ ഫോൺ, മുഴുവനായി ചാർജ് ചെയ്ത പവർ ബാങ്ക്, മൊബൈൽ ചാർജർ, അത്യാവശ്യ ഉപയോഗത്തിനുള്ള മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, അത്യാവശ്യം പണം, എ.ടി.എം കാർഡ്.

പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

എമർജൻസി കിറ്റ് അടിയന്തര സാഹചര്യത്തിൽ വീട്ടിൽ ആർക്കും എടുക്കാൻ കഴിയുന്ന സ്ഥലത്ത് സൂക്ഷിക്കുക. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരെയും ഈ വിവരം അറിയിക്കുക. അടിയന്തര സാഹചര്യത്തിൽ മറ്റാർക്കും വേണ്ടി കാത്തുനിൽക്കാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ വീട്ടിലുള്ളവരെ പ്രാപ്തരാക്കുക.

രുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക, മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്, മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക, സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്,

ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്, – പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക, പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്; പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്. കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.