എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ജില്ലയില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്നലെ മഴ ശക്തമായത് തെരഞ്ഞെടുപ്പിനെ വരെ ബാധിച്ചിരുന്നു. കനത്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു. താഴ്ന്ന പ്രദേശങ്ങലിലെയും നഗരത്തിലെയും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചു. മണിക്കൂറുകളുടെ പ്രയത്നം കൊണ്ടാണ് പല റോഡുകളിലേയും വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയത്. നിലവില്‍ പതിനൊന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്. 848 കുടുംബങ്ങളില്‍ നിന്നായി 2153 പേരാണ് ഇവിടെയുള്ളത്.
കണയന്നൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണയന്നൂര്‍ താലൂക്കിലെ എളങ്കുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത് , ഇടപ്പള്ളി സൌത്ത്, ചേരാനെല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ അതിരൂക്ഷമായി ബാധിച്ചത്.
ആലപ്പുഴ ജില്ലയില്‍ വ്യാപക കൃഷി നാശം
ആലപ്പുഴ ജില്ലയിൽ കനത്ത മഴയിൽ വ്യാപക കൃഷി നാശം. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച തുടങ്ങിയ മഴ ഇതുവരെ പെയ്തു തോർന്നിട്ടില്ല. ആലപ്പുഴ ലജനത്തുൽ മുഹമ്മദൻസ് സ്കൂളിൽ ദുരിദാശ്വാസ ക്യാമ്പ് തുറന്നു. 452 കുടുംബങ്ങളിലെ 1050 പേരെ ഇവിടേക്ക് മാറ്റി. കനത്ത മഴയിൽ വ്യാപക കൃഷി നാശമാണ് കർഷകർക്കുണ്ടായത്. പൊന്നാട് പെരുന്തുരുത്ത് പാടശേഖരത്തിൽ വിളവെടുക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ശക്തമായ മഴയിലും കാറ്റിലും 200 ഏക്കറോളം വരുന്ന നെൽകൃഷി പൂർണമായും നശിച്ചു. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ മട വീഴ്ച ഉണ്ടായി. എ.സി റോഡിൽ വെള്ളം കയറിയെങ്കിലും മണിക്കൂറുകൾക്കകം വെള്ളം വറ്റി പൂർവ്വസ്ഥിതിയിലായതിനാൽ ഗതാഗത തടസ്സമൊഴിവായി.